യുറീക്കയെക്കുറിച്ച്

യുറീക്കയെന്നാല്‍ കണ്ടെത്തല്‍
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിക്കുന്ന കുട്ടികളുടെ ശാസ്ത്രമാസിക.
മാസത്തില്‍ രണ്ടുവീതം. വില 10രൂപ. വാര്‍ഷികം 200 രൂപ.
മാനേജിങ്ങ് എഡിറ്റര്‍,യുറീക്ക,ചാലപ്പുറം,കോഴിക്കോട്-673002
eurekakssp@gmail.com
രചനകള്‍
എഡിറ്റര്‍,യുറീക്ക,ചാലപ്പുറം,കോഴിക്കോട്-673002

Wednesday, July 30, 2008

പോതാസ്യപരിമാംഗനിതം

തലക്കെട്ടു വായിച്ചിട്ട് എന്താണെന്നു പിടികിട്ടിയോ? അരനൂറ്റാണ്ടുമുമ്പ് എന്റെ അമ്മ (ഇപ്പോള്‍ 71 വയസ്സായി) ഒമ്പതാംക്ലാസില്‍ പഠിയ്ക്കുമ്പോഴുണ്ടായിരുന്ന ശാസ്ത്രപാഠപുസ്തകത്തിലാണ് ഞാന്‍ ഈ വിചിത്രപദം കണ്ടെത്തിയത്. ആദ്യം എനിക്കും കാര്യമെന്താണെന്നു മനസ്സിലായില്ല. പിന്നീട് വിവരണം വായിച്ചപ്പോഴാണ് ആളെ പിടികിട്ടിയത്. നമ്മുടെ പൊട്ടാസ്യം പെര്‍മാഗനേറ്റ് എന്ന രാസപദാര്‍ത്ഥത്തെയാണ് ഇങ്ങനെ പേരിട്ടുവിളിച്ചത്.
അന്യഭാഷയിലെ വായില്‍ കൊള്ളാത്ത പദങ്ങളെ നമ്മുടെ ഉച്ചാരണത്തിന് ഇണങ്ങുംമട്ടില്‍ മെരുക്കിയെടുക്കുന്ന ഒരു സ്വഭാവം മലയാളിക്കുണ്ടായിരുന്നു. ഹോസ്പിറ്റലിനെ ആസ്പത്രിയെന്നും ഓഫീസിനെ ആപ്പീസെന്നും മലയാളി മാറ്റിയുച്ചരിച്ച് പുതിയ വാക്കുകളുണ്ടാക്കി. സംസ്കൃതപദങ്ങളില്‍നിന്ന് ഇങ്ങനെ രൂപം മാറ്റിയെടുത്തവ നിരവധിയുണ്ട്. സിംഹത്തെ ചിങ്ങമാക്കി. പാര്‍വ്വതി പാപ്പിയായി. ദ്രോണിയാണത്രെ തോണിയായത്. രുധിരമഹാകാളിക്കാവാണല്ലോ നമ്മുടെ ഊത്രാളിക്കാവ്!
ഭാഷാശാസ്ത്രജ്ഞന്മാര്‍ ഇത്തരം മെരുക്കുപദങ്ങളെ തത്ഭവങ്ങള്‍ എന്നു വിളിക്കും;അതില്‍നിന്നുണ്ടായത് എന്ന അര്‍ത്ഥത്തില്‍. ഇങ്ങനെ അന്യഭാഷാപദങ്ങളെ വായ്ക്കു മെരുക്കിയെടുക്കല്‍ പരിഷ്കാരവും സംസ്കാരവുമില്ലാത്തവരുടെ ലക്ഷണമാണെന്നൊരു തെറ്റിദ്ധാരണ ഇടയ്ക്കുവച്ചുണ്ടായിട്ടില്ലേ എന്നു സംശയിക്കണം. ഇംഗ്ലീഷുച്ചാരണത്തില്‍ സായിപ്പിനേയും സംസ്കൃതോച്ചാരണത്തില്‍ ആഢ്യപണ്ഡിതന്മാരെയും നമ്മള്‍ മാതൃകയാക്കേണ്ടതുണ്ടോ? അഥവാ, ശുദ്ധമായ ഉച്ചാരണം എന്ന ഒന്നുണ്ടോ?
സായിപ്പിന് നമ്മുടെ ഭാഷ നമ്മളെപ്പോലെ ഉച്ചരിക്കാനാവില്ല. അതുപോലെ നമുക്ക് അവരുടേയും. പറ്റാത്തതിനു പരിശ്രമിക്കുന്നതല്ലേ അപഹാസ്യം? ലോകഭാഷയായ ഇംഗ്ലീഷുതന്നെ ഓരോ നാട്ടിലും ഓരോ രീതിയിലാണ് ഉച്ചരിക്കുന്നത്. ബ്രിട്ടീഷുച്ചാരണവും അമേരിക്കന്‍ ഉച്ചാരണവും വ്യത്യസ്തം. അതായത് അനുകരണീയമായ മാതൃകയില്ലെന്നര്‍ത്ഥം.
ഉച്ചാരണം പല ഘടകങ്ങളേയും ആശ്രയിച്ചിരിക്കുന്നു. മുഖ്യമായും ശരീരശാസ്ത്രപരവും നരവംശശാസ്ത്രപരവുമായ പ്രത്യേകതകള്‍. ഉച്ചരിക്കാനുള്ള വായ്, മൂക്ക്, തൊണ്ട തുടങ്ങിയ ആന്തരികാവയവങ്ങളുടെ ഘടന, അതിനെ നിര്‍ണ്ണയിക്കുന്ന ഭൂപ്രകൃതി, കാലാവസ്ഥ, കൂടാതെ, തൊഴില്‍, ചരിത്രം, സംസ്കാരം എന്നിങ്ങനെ വേറെയും.
വാണിജ്യബന്ധങ്ങളും നയതന്ത്രബന്ധങ്ങളും വഴി, വിദേശങ്ങളുമായി ഇടപഴകേണ്ടിവരുമ്പോള്‍ സ്വാഭാവികമായും നിരവധി അന്യഭാഷാപദങ്ങള്‍ പ്രാദേശികഭാഷയില്‍ വന്നുചേരും. അവയെ അപ്പപ്പോള്‍ വായില്‍ കൊള്ളുംപടി മെരുക്കിയെടുത്ത് സ്വന്തമാക്കുകയാണ് ഭാഷാഭിമാനികള്‍ ചെയ്യുന്നത്. ആസ്പത്രിയും ആപ്പീസുമുണ്ടാക്കിയ നമ്മുടെ പഴമക്കാര്‍ അതാണു ചെയ്തത്. പോതാസ്യപരിമാംഗനിതവും അങ്ങനെ വന്നു. ദേശാഭിമാനികളായ ഈ നാടന്മാരെ അപരിഷ്കൃതരെന്ന് ആക്ഷേപിക്കുന്നതിനുപകരം അവരെ ആദരിക്കുകയല്ലേ വേണ്ടത്?
(കുട്ടികള്‍ക്കുവേണ്ടി യുറീക്ക മാസികയില്‍ പണ്ടെഴുതിയത്.)

http://www.chintha.com/node/൧൮൨൮

Tharjani Magazine, Kambalakkadu P O, Wayanadu, Kerala - 673121

ഇതില്‍നിന്നും കടം എടുത്തത്

No comments: