യുറീക്കയെക്കുറിച്ച്

യുറീക്കയെന്നാല്‍ കണ്ടെത്തല്‍
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിക്കുന്ന കുട്ടികളുടെ ശാസ്ത്രമാസിക.
മാസത്തില്‍ രണ്ടുവീതം. വില 10രൂപ. വാര്‍ഷികം 200 രൂപ.
മാനേജിങ്ങ് എഡിറ്റര്‍,യുറീക്ക,ചാലപ്പുറം,കോഴിക്കോട്-673002
eurekakssp@gmail.com
രചനകള്‍
എഡിറ്റര്‍,യുറീക്ക,ചാലപ്പുറം,കോഴിക്കോട്-673002

Thursday, September 25, 2008

മീനൂന്റെ ലോകം


മീനൂന്റെ ലോകം

മീനൂനെ നീന്താന്‍ പഠിപ്പിക്കൂ

വിളമ്പല്‍ - എം.വി രാജന്‍

പുളിമരത്തിന്റെ കീഴെയിരുന്ന്
കവിത വിളമ്പാന്‍ ഇലയന്വേഷിച്ചു
ഒരു വറ്റു വിളമ്പാന്‍ സ്ഥലമില്ലാതെ
പുളിയില കളഞ്ഞ്
ചേമ്പില പറിച്ചു
വിളമ്പിയ കവിത മുഴുവന്‍
ഉരുണ്ടുരുണ്ടു തൂവിപ്പോയി

യുറീക്ക സെപ്തംബര്‍ 16

ഉള്ളടക്ക

ഓസോണുണ്ടാക്കാന്‍ തുളസി വച്ചുപിടിപ്പിച്ചാല്‍ പോരേ
മണ്ണും ജീവിതവും
തവളകള്‍ കണ്ട നഗരങ്ങള്‍
മൃഗപാചകം
ഭൂമിയമ്മക്ക്
മഴത്തുള്ളി വിളിച്ചപ്പോള്‍
അളവുരീതികള്‍
റോക്കറ്റിന്റെ പിതാവ്
മിഴിയോണം
സൂപ്പര്‍ അഭാജ്യം
ഭാഗ്യം വന്ന വഴി
ഈസാനബിയുടെ രൂപം

Tuesday, August 12, 2008

കവിത - കെ.എസ്. സുധീര്‍ കരിമ്പ

ഇനി എല്ലാവരും പൂമ്പാറ്റയെപ്പറ്റി കവിതയെഴുതണം. പതിനഞ്ച് മിനിറ്റിനുള്ളില്‍ തീര്‍ക്കണം. ഷീല ടീച്ചര്‍ എല്ലാവര്‍ക്കും നിര്‍ദ്ദേശം നല്‍കി. രഘു തനിക്കുകിട്ടിയ പേപ്പറിലേക്ക് നോക്കിയിരുന്നു. അവനൊന്നും എഴുതാന്‍ കഴിഞ്ഞില്ല. സമയം ൧൨ മണി. കഞ്ഞിയുടെയും പയറിന്റെയും സുഖകരമായ മണം അവനെ അസ്വസ്ഥനാക്കി. ഇന്നലെ രാത്രി കഴിച്ച കപ്പയുടെ ഓര്‍മ്മയില്‍ അവന്‍ കടലാസ് ചുരുട്ടിക്കൊണ്ടിരുന്നു. കഴിഞ്ഞോ ... ഷീല ടീച്ചര്‍ എഴുന്നേറ്റു. അവന്‍ തിടുക്കത്തില്‍ ആദ്യവരി എഴുതി. "പൂമ്പാറ്റക്ക് വിശക്കുന്നു".അപ്പോഴേക്കും ടീച്ചര്‍ പേപ്പര്‍ കൈവശപ്പെടുത്തി!

Wednesday, August 6, 2008

ഇനിയൊരു യുദ്ധം വേണ്ട !!!

ഇനിയൊരു യുദ്ധം വേണ്ട
പട്ടിണികൊണ്ടു മരിക്കും
കോടി കുട്ടികള്‍ അലമുറകൊള്‍കെ
കോടികള്‍ കൊണ്ടും ബോംബുണ്ടാക്കാന്‍
കാടന്മാര്‍ക്കെ കഴിയൂ.
ഇനി വേണ്ട
ഇനി വേണ്ട
ഇനിയൊരു യുദ്ധം വേണ്ടിവിടെ.
നാഗസാക്കികളിനി വേണ്ട
ഹിരോഷിമകളിനി വേണ്ട

Tuesday, August 5, 2008

എരിഞ്ഞുവീഴുന്ന റ്റോമോ

ടോട്ടോചാന്‍ എന്നകൃതിയില്‍ തെത്സുകോ കുറോയാനഗി ഹിരോഷിമ ദുരന്തം ആവിഷ്കരിച്ചത് ഇങ്ങനെയാണ്.

റ്റോമോ എരിഞ്ഞുവീണു. അത് സംഭവിച്ചത് രാത്രിയിലാണ്.മിയോചാനും സഹോദരി മിസാചാനും അവരുടെ അമ്മയും സ്കൂളിനോട് ചേര്‍ന്നുള്ള തങ്ങളുടെ ഭവനത്തില്‍നിന്നും കുഹോന്‍ബത്സു കുളക്കരയിലെ റ്റോമോ പാടത്തേക്ക് രക്ഷപ്പെട്ടു.ക്ഷേത്രവും അവരും സുരക്ഷിതരായിരുന്നു.
ബി ൨൯ ബോംബറുകള്‍ വര്‍ഷിച്ച മാരകമായ അനേകം ഷെല്ലുകള്‍. ക്ലാസ്മുറികളായി പ്രവര്‍ത്തിച്ചിരുന്ന റെയില്‍വേ കോച്ചുകള്‍ക്കു മുകളില്‍ ഹും കാര ശബ്ദത്തോടെ പതിച്ചു. ഹെഡ്മാസ്റ്ററുടെ സ്വപ്നത്തില്‍ ത്രസിച്ചുനിന്ന പള്ളിക്കൂടം തീനാളങ്ങളില്‍ മറഞ്ഞു. അദ്ദേഹം ഒരുപാടു സ്നേഹിച്ച
കുഞ്ഞിച്ചിരികളുടെയും ചിലയ്ക്കലുകളുടെയും സ്വരഭേദങ്ങള്‍ക്കു പകരം, പള്ളിക്കൂടമൊന്നാകെ ഭയാനകമായ ശബ്ദത്തോടെ നിലംപൊത്തി. ശമനമില്ലാത്ത അഗ്നി. അതിന്റെ ശിലാതലത്തോളം എരിയിച്ചുകളഞ്ഞു. ജിയുഗോകയിലെമ്പാടും തീനാളങ്ങള്‍ പാളിയുയര്‍ന്നു.
എല്ലാറ്റിനുമിടയില്‍, തെരുവിന്റെ വിജനതയില്‍ നിന്ന് റ്റോമോ കത്തിയെരിയുന്ന ദൃശ്യം മാസ്റ്റര്‍ കണ്ടു.എപ്പോഴത്തെയും പോലെതന്നെ അദ്ദേഹം തന്റെ ഏറെ നരച്ചുപോയ കറുമ്പന്‍ കോട്ടണിഞ്ഞിരുന്നു.കൈകള്‍ കീശയില്‍ തിരുകി മാസ്റ്റര്‍ നിന്നു.

Monday, August 4, 2008

തകരപ്പാട്ട്

താന തന തന താന തന തന താന തന തന തന്തിനനോ (3)
ഒരു ചാലുഴുതില്ല
ഒരു വിത്തും വിതച്ചില്ല
താനേ മുളച്ചൊരു പൊന്‍തകര
താന തന തന താന തന തന താന തന തന തന്തിനനോ (3)
ഒരു നാളൊരു വട്ടി
രണ്ടാം നാള്‍ രണ്ടു വട്ടി
മൂന്നാം നാള്‍ മൂന്നു വട്ടി
തകര വെട്ടി
താന തന തന താന തന തന താന തന തന തന്തിനനോ (3)
അപ്പൂപ്പനമ്മൂമ്മ
അയലത്തെ കേളുമ്മാവന്‍
വടക്കേലെ നാണിക്കും വിരുന്നൊരുക്കി
താന തന തന താന തന തന താന തന തന തന്തിനനോ (3)
മീന മാസം കഴിഞ്ഞപ്പോള്‍ തകര കരിഞ്ഞു
ഇനിയെന്തു ചെയ്യും വന്‍കുടലെ
ആറാറു മടക്കിട്ട്‌ അറുപത്‌ കുടുക്കിട്ട്‌
അനങ്ങാതെ കിടന്നു വന്‍കുടല്
താന തന തന താന തന തന താന തന തന തന്തിനനോ (3)

(1987 ല്‍ തൃശൂരില്‍ നടന്ന ബാലോത്സവത്തില്‍ കുട്ടികള്‍ക്ക് പാടിക്കൊടുത്തതിന്റെ ഓര്‍മ്മയില്‍ നിന്ന്)

ജില്ലാ പാട്ട്

കേരളത്തിലെ പതിനാലു ജില്ലകളെയും കോര്‍ത്തിണക്കിക്കൊണ്ടുള്ള പാട്ട്‌
(തിരുവാതിരക്കളിപ്പാട്ടിന്റെ രീതിയില്‍ പാടാം)

തെക്കു തെക്കു തിരുവനന്തപുരം
ആലപ്പുഴ കൊല്ലം കോട്ടയവും
അഴകേറിയൊരെണാകുളം
അരികത്തിടുക്കിയും
അരി വിളയും പാലക്കാടും തൃശൂരും
വാളയൂര്‍ പഞ്ചായത്തുള്ള മലപ്പുറം
കോഴിക്കോടു്‌ വയനാടു്‌ കണ്ണൂര്‍
പുത്തനായുണ്ടായ പത്തനംത്തിട്ടക്കും
കസര്‍ഗോഡിനും ഞാന്‍ കുമ്പിടുന്നേന്‍...



Sunday, August 3, 2008

ഒരു നാടന്‍ പാട്ട്

(ആറ്റുമ്മണമ്മേലെ ഉണ്ണിയാര്‍ച്ച ….എന്നിങ്ങനെ വടക്കന്‍ പാട്ടു രീതിയില്‍ ചൊല്ലണം)
ആത്തോലേ ഈത്തോലേ കുഞ്ഞാത്തോലേ
ഞാനൊരു കാരിയം കാണാന്‍ പോയി
കളിയല്ല പൊളിയല്ല കുഞ്ഞാത്തോലേ
വെള്ളാരം കല്ലിനു വേരിറങ്ങി
പത്തായം തിങ്ങി രണ്ടീച്ച ചത്തു
ഈച്ചത്തോല്‍ കൊണ്ടൊരു ചെണ്ട കെട്ടീ
കളിയല്ല പൊളിയല്ല കുഞ്ഞാത്തോലേ
ആലങ്ങാട്ടാലിന്മേല്‍ ചക്ക കായ്ചൂ
കൊച്ചീലഴിമുഖം തീ പിടിച്ചു
പഞ്ഞിയെടുത്തിട്ടു തീ കെടുത്തി
കളിയല്ല പൊളിയല്ല കുഞ്ഞാത്തോലേ
കുഞ്ഞിയെറുമ്പിന്റെ കാതുകുത്തീ
തെങ്ങു മുറിച്ചു കുരടുമിട്ടൂ
കോഴിക്കോട്ടാന തെരുപ്പറന്നു

കളിയല്ല പൊളിയല്ല കുഞ്ഞാത്തോലേ
നൂറ്റുകുടത്തിലും കേറിയാന
ആലിങ്കവേലന്‍ പറന്നുവന്ന്
മീശമേലാനയെ കെട്ടിയിട്ടു
ആത്തോലേ ഈത്തോലേ കുഞ്ഞാത്തോലേ
ഞാനൊരു കളിയാട്ടം കാണാന്‍ പോയി.

സിദ്ധാര്‍ത്ഥ്.എസ്.രാജ
എട്ടാം ക്ലാസ് ബി ഡിവിഷന്‍
വി.എഛ്.എസ്.എസ്. ഇരുമ്പനം.
http://vhssirimpanam.org/

Saturday, August 2, 2008

കുസൃതിക്കാറ്റ്

കുസൃതിക്കാറ്റുവരുന്നുണ്ടേ
കുളിരും കൊണ്ടുവരുന്നുണ്ടേ
പൂ കൊഴിയുന്നതുകണ്ടോളൂ
പൂക്കള്‍ പെറുക്കി എടുത്തോളൂ

സഫ് വാന എം
൪ാം തരം
അഞ്ചരക്കണ്ടി മാപ്പിള എല്‍.പി. സ്കൂള്‍,
മാമ്പ പിഒ,
കണ്ണൂര്‍

വഴക്കടിക്കുന്ന പൂവുകള്‍ - പി. മധുസൂദനന്‍


നമ്മള്‍ക്കുകേള്‍ക്കുവാനൊക്കില്ല;
പക്ഷേ
വഴക്കുണ്ടു പൂക്കള്‍ക്കിടയിലും
ചൊല്ലിടാം തങ്ങളില്‍ തങ്ങളിലങ്ങനെ-

യൊക്കെയപ്പൂക്കള്‍ ചിലപ്പോള്‍

"നീയെന്തിനെന്റെയാകാശം കവര്‍ന്നു?"
"എന്തിനെന്‍ മേലേക്കു ചാഞ്ഞു?"
"എന്റെ തേന്‍കുപ്പിയില്‍ വെള്ളം കുടഞ്ഞു?"
"എന്തിനെന്നല്ലിയില്‍ നുള്ളി?"
നമ്മള്‍ക്കുകേള്‍ക്കുവാനൊക്കില്ല;പക്ഷേ

വഴക്കുണ്ടു പൂക്കള്‍ക്കിടയിലും

സതീഷിന്റെ മണിമുത്തുകള്‍


ചിരിക്കാന്‍ ചിന്തിക്കാന്‍ പിന്നെ .....

യുറീക്ക - ആഗസ്റ്റ് ലക്കം

ഉള്ളടക്കം


  • ഹിരോഷിമ ദിനം
  • ശബ്ദലോകം
  • സ്വാതന്ത്ര്യത്തിന് 61വയസ്സ്
  • ഒരു കിനാവ്
  • വഴക്കടിക്കുന്ന പൂവുകള്‍
  • കളിക്കളം
  • ആണെരുമ പ്രസവിക്കില്ല

Wednesday, July 30, 2008

പോതാസ്യപരിമാംഗനിതം

തലക്കെട്ടു വായിച്ചിട്ട് എന്താണെന്നു പിടികിട്ടിയോ? അരനൂറ്റാണ്ടുമുമ്പ് എന്റെ അമ്മ (ഇപ്പോള്‍ 71 വയസ്സായി) ഒമ്പതാംക്ലാസില്‍ പഠിയ്ക്കുമ്പോഴുണ്ടായിരുന്ന ശാസ്ത്രപാഠപുസ്തകത്തിലാണ് ഞാന്‍ ഈ വിചിത്രപദം കണ്ടെത്തിയത്. ആദ്യം എനിക്കും കാര്യമെന്താണെന്നു മനസ്സിലായില്ല. പിന്നീട് വിവരണം വായിച്ചപ്പോഴാണ് ആളെ പിടികിട്ടിയത്. നമ്മുടെ പൊട്ടാസ്യം പെര്‍മാഗനേറ്റ് എന്ന രാസപദാര്‍ത്ഥത്തെയാണ് ഇങ്ങനെ പേരിട്ടുവിളിച്ചത്.
അന്യഭാഷയിലെ വായില്‍ കൊള്ളാത്ത പദങ്ങളെ നമ്മുടെ ഉച്ചാരണത്തിന് ഇണങ്ങുംമട്ടില്‍ മെരുക്കിയെടുക്കുന്ന ഒരു സ്വഭാവം മലയാളിക്കുണ്ടായിരുന്നു. ഹോസ്പിറ്റലിനെ ആസ്പത്രിയെന്നും ഓഫീസിനെ ആപ്പീസെന്നും മലയാളി മാറ്റിയുച്ചരിച്ച് പുതിയ വാക്കുകളുണ്ടാക്കി. സംസ്കൃതപദങ്ങളില്‍നിന്ന് ഇങ്ങനെ രൂപം മാറ്റിയെടുത്തവ നിരവധിയുണ്ട്. സിംഹത്തെ ചിങ്ങമാക്കി. പാര്‍വ്വതി പാപ്പിയായി. ദ്രോണിയാണത്രെ തോണിയായത്. രുധിരമഹാകാളിക്കാവാണല്ലോ നമ്മുടെ ഊത്രാളിക്കാവ്!
ഭാഷാശാസ്ത്രജ്ഞന്മാര്‍ ഇത്തരം മെരുക്കുപദങ്ങളെ തത്ഭവങ്ങള്‍ എന്നു വിളിക്കും;അതില്‍നിന്നുണ്ടായത് എന്ന അര്‍ത്ഥത്തില്‍. ഇങ്ങനെ അന്യഭാഷാപദങ്ങളെ വായ്ക്കു മെരുക്കിയെടുക്കല്‍ പരിഷ്കാരവും സംസ്കാരവുമില്ലാത്തവരുടെ ലക്ഷണമാണെന്നൊരു തെറ്റിദ്ധാരണ ഇടയ്ക്കുവച്ചുണ്ടായിട്ടില്ലേ എന്നു സംശയിക്കണം. ഇംഗ്ലീഷുച്ചാരണത്തില്‍ സായിപ്പിനേയും സംസ്കൃതോച്ചാരണത്തില്‍ ആഢ്യപണ്ഡിതന്മാരെയും നമ്മള്‍ മാതൃകയാക്കേണ്ടതുണ്ടോ? അഥവാ, ശുദ്ധമായ ഉച്ചാരണം എന്ന ഒന്നുണ്ടോ?
സായിപ്പിന് നമ്മുടെ ഭാഷ നമ്മളെപ്പോലെ ഉച്ചരിക്കാനാവില്ല. അതുപോലെ നമുക്ക് അവരുടേയും. പറ്റാത്തതിനു പരിശ്രമിക്കുന്നതല്ലേ അപഹാസ്യം? ലോകഭാഷയായ ഇംഗ്ലീഷുതന്നെ ഓരോ നാട്ടിലും ഓരോ രീതിയിലാണ് ഉച്ചരിക്കുന്നത്. ബ്രിട്ടീഷുച്ചാരണവും അമേരിക്കന്‍ ഉച്ചാരണവും വ്യത്യസ്തം. അതായത് അനുകരണീയമായ മാതൃകയില്ലെന്നര്‍ത്ഥം.
ഉച്ചാരണം പല ഘടകങ്ങളേയും ആശ്രയിച്ചിരിക്കുന്നു. മുഖ്യമായും ശരീരശാസ്ത്രപരവും നരവംശശാസ്ത്രപരവുമായ പ്രത്യേകതകള്‍. ഉച്ചരിക്കാനുള്ള വായ്, മൂക്ക്, തൊണ്ട തുടങ്ങിയ ആന്തരികാവയവങ്ങളുടെ ഘടന, അതിനെ നിര്‍ണ്ണയിക്കുന്ന ഭൂപ്രകൃതി, കാലാവസ്ഥ, കൂടാതെ, തൊഴില്‍, ചരിത്രം, സംസ്കാരം എന്നിങ്ങനെ വേറെയും.
വാണിജ്യബന്ധങ്ങളും നയതന്ത്രബന്ധങ്ങളും വഴി, വിദേശങ്ങളുമായി ഇടപഴകേണ്ടിവരുമ്പോള്‍ സ്വാഭാവികമായും നിരവധി അന്യഭാഷാപദങ്ങള്‍ പ്രാദേശികഭാഷയില്‍ വന്നുചേരും. അവയെ അപ്പപ്പോള്‍ വായില്‍ കൊള്ളുംപടി മെരുക്കിയെടുത്ത് സ്വന്തമാക്കുകയാണ് ഭാഷാഭിമാനികള്‍ ചെയ്യുന്നത്. ആസ്പത്രിയും ആപ്പീസുമുണ്ടാക്കിയ നമ്മുടെ പഴമക്കാര്‍ അതാണു ചെയ്തത്. പോതാസ്യപരിമാംഗനിതവും അങ്ങനെ വന്നു. ദേശാഭിമാനികളായ ഈ നാടന്മാരെ അപരിഷ്കൃതരെന്ന് ആക്ഷേപിക്കുന്നതിനുപകരം അവരെ ആദരിക്കുകയല്ലേ വേണ്ടത്?
(കുട്ടികള്‍ക്കുവേണ്ടി യുറീക്ക മാസികയില്‍ പണ്ടെഴുതിയത്.)

http://www.chintha.com/node/൧൮൨൮

Tharjani Magazine, Kambalakkadu P O, Wayanadu, Kerala - 673121

ഇതില്‍നിന്നും കടം എടുത്തത്